ദോഹ : വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തർ-ബഹ്‌റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനഃരാരംഭിക്കും. ബഹ്‌റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്.
ഏപ്രിൽ 12ന് സൗദി തലസ്ഥാനമായ റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളുടെ ഫലമായാണ് നയതന്ത്ര ബന്ധവും വ്യോമ സേവനവും പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഖത്തറിന് മേൽ ബഹ്‌റൈൻ ഉൾപ്പെടെയുള്ള 4 അയൽ രാജ്യങ്ങൾ2017 ജൂൺ 5ന് രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ഉപരോധം പ്രഖ്യാപിക്കുകയും നീണ്ട മൂന്നര വർഷത്തിന് ശേഷം 2021 ജനുവരി 5ന് സൗദിയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ഒപ്പുവച്ച അൽ ഉല കരാറിനെ തുടർന്ന് ഉപരോധം പിൻവലിക്കുകയും ചെയ്തിരുന്നെങ്കിലും ബഹ്‌റൈനുമായുള്ള ഭിന്നത പരിഹരിച്ചിരുന്നില്ല. ഈ വർഷം തുടക്കത്തിലാണ് ഖത്തർ-ബഹ്‌റൈൻ അധികൃതർ ചർച്ച നടത്തി ഭിന്നത പരിഹരിച്ച് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.