ദുബായ് : പൊള്ളുന്ന വിമാന ടിക്കറ്റ് നിരക്കുകാരണം വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ ഒട്ടേറെ മലയാളി കുടുംബങ്ങൾ. രണ്ട് മാസം സ്കൂൾ അടയ്ക്കുന്നതിനാൽ എല്ലാ വർഷവും നാട്ടിൽ പോകാറുള്ള അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. ബലി പെരുന്നാളാഘോഷിക്കാൻ നാട്ടിൽ പോകാനാഗ്രഹിച്ച സാധാരണക്കാരും പതിവ് നിരക്കിലും ഇരട്ടിയിലേറെ തുക നൽകാനാകാതെ യാത്ര മാറ്റിവച്ചിരിക്കുകയാണ്.
അവധിക്കാലങ്ങളിലും വിശേഷ ദിവസങ്ങളിലും ഇന്ത്യയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികളുടെ പ്രവണത ഇക്കുറി നേരത്തെ തന്നെ തുടങ്ങി. പെരുന്നാളടുക്കുന്നതോടെ അനുദിനം നിരക്ക് വർധിക്കുകയാണ്. ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് 3,000 ദിർഹത്തിലേറെ(66,000 ത്തിലേറെ രൂപ)യാണ് ടിക്കറ്റ് നിരക്ക് വിവിധ ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ കാണുന്നത്.
ബലി പെരുന്നാളിന് തലേദിവസമായ ഈ മാസം 27ന് അത് 3500 ദിർഹത്തോളമായി ഉയർന്നു. പ്രവാസി സംഘടനകളും മറ്റും കാലങ്ങളായി ഇത്തരത്തിലുള്ള കൊള്ളയടിക്കലിനെതിരെ അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.