സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് ഗള്‍ഫടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാനായി ടിക്കറ്റ് നിരക്ക് കുറയുന്ന സമയം നോക്കിയിരിക്കുന്നവരാണ് പ്രവാസികളില്‍ അധികവും. അത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്തയുമായാണ് ടെക് ഭീമനായ ഗൂഗിളിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതാണെന്ന് കൃത്യമായി ട്രാക്ക് ചെയ്ത് യാത്രക്കാരെ അറിയിക്കുന്ന പുതിയ ഫീച്ചറുമായാണ് ഗൂഗിളിന്റെ വരവ്. ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് മുഖേനയാണ് പുതിയ സേവനം നടപ്പിലാക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് ട്രാക്ക് ചെയ്ത് അറിയിക്കുന്ന സംവിധാനവും പ്രൈസ് ഗ്യാരണ്ടി ചോയ്‌സും നേരത്തെ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് അവതരിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് കുറഞ്ഞ നിരക്കുകള്‍ കൃത്യ സമയത്ത് അപ്‌ഡേറ്റ് ചെയ്യുന്ന പ്രത്യേക ഫീച്ചറും ഗൂഗിള്‍ ഫ്‌ളൈറ്റ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗൂഗിള്‍ പുറത്തുവിട്ട ഒഫീഷ്യല്‍ ബ്ലോഗിലൂടെയാണ് പുതിയ സേവനം ഗൂഗിള്‍ പ്രഖ്യാപിച്ചത്. ടിക്കറ്റ് നിരക്ക് അറിയിക്കുന്നതിനായി ന്യൂ ഇന്‍സൈറ്റ്‌സ് എന്ന ഫീച്ചറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘വിശ്വസനീയമായ ട്രെന്‍ഡ് ഡാറ്റയ്ക്കായുള്ള തിരയലിനിടെ, വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിരിക്കുന്ന സമയവും അറിയിക്കും. ഇതിലൂടെ പോവേണ്ട സ്ഥലവും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയും തീരുമാനിക്കാന്‍ സാധിക്കും,’ ഗൂഗിള്‍ ബ്ലാഗില്‍ കുറിച്ചു.
പുതിയ ഫീച്ചര്‍ എങ്ങനെ?
നിങ്ങള്‍ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്‌തെന്ന് കരുതുക. സമാനമായ യാത്രകള്‍ പിന്നീട് നടത്താനുള്ള ഏറ്റവും മികച്ച സമയം സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കി കുറഞ്ഞത് രണ്ടുമാസം മുന്‍പെങ്കിലും ഗൂഗിള്‍ നിങ്ങളെ അറിയിക്കും. സാധാരണയായി യാത്രക്ക് ഉദ്ദേശിക്കുന്ന ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ടിക്കറ്റ് നിരക്ക് കുറവാണോയെന്നാണ് പലരും നോക്കാറുള്ളത്. ഇതനുസരിച്ചാണ് എല്ലാവരും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. അത്തരക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചറെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
ഫ്‌ളൈറ്റ് ബുക്കിങ്ങിലെ പുതിയ ട്രെന്‍ഡുകള്‍
പുതിയ ഫീച്ചറിനോടൊപ്പം 2023 ലെ ഫ്‌ളൈറ്റ് ബുക്കിങ് ട്രെന്‍ഡുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍കാല മുല്യ നിര്‍ണയ പാറ്റേണുകള്‍ വിലയിരുത്തിയാണ് ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡാറ്റകള്‍ പ്രകാരം പുറപ്പെടുന്നതിന് 71 ദിവസം മുമ്പാണ് ശരാശരി ടിക്കറ്റ് നിരക്കുകള്‍ ഏറ്റവും കുറയുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 2022 ലെ സ്ഥിതി വിവരക്കണക്കുകളില്‍ നിന്ന് വ്യത്യസ്തമായി പുറപ്പെടുന്നതിന് 22 ദിവസം മുമ്പ് ശരാശരി വിലകള്‍ ഏറ്റവും താഴുന്നതായാണ് പുതിയ ട്രെന്‍ഡ്. ടേക്ക് ഓഫിന് 54 മുതല്‍ 78 ദിവസം മുമ്പ് വരെയാണ് സാധാരണ വിലയില്‍ കുറവുണ്ടാകുന്നതെന്നുമാണ് കണ്ടെത്തല്‍. ഡിസംബര്‍ പകുതിയോടെ ആരംഭിക്കുന്ന ക്രിസ്തുമസ് യാത്രകള്‍ക്ക് ഒക്ടോബര്‍ ആദ്യം തന്നെ ഡീലുകള്‍ കണ്ടെത്താന്‍ സാധിക്കും.