കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി ഗൾഫിലെ വിമാന കമ്പനികൾ. വരും വർഷങ്ങളിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉറപ്പാണെന്ന അയാട്ട വിലയിരുത്തൽ കൂടി മുൻനിർത്തിയാണ് പുതിയ നിയമനങ്ങൾ. ഇന്ത്യയിലെ ചില വിമാന കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഗൾഫിൽ വ്യോമയാന മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നത്.
യു.എ.ഇയിലെ പ്രമുഖ വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബൈ എന്നിവക്കു ചുവടെ പുതിയ റിക്രൂട്ട്മെൻറ്നടപടികൾ ഉൗർജിതമാണ്. ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ് പോയ സാമ്പത്തിക വർഷം 10.9 ബില്യൺ ദിർഹമാണ് ലാഭം നേടിയത്. ജീവനക്കാർക്ക് ആറു മാസത്തെ ബോണസ് നൽകിയും കൂടുതൽ തൊഴിലവസരങ്ങൾ നൽകി കമ്പനി വിപുലപ്പെടുത്തിയുമാണ് എമിറേറ്റ്സ് നേട്ടം ആഘോഷിക്കുന്നത്.
മറ്റു വിമാന കമ്പനികളും മികച്ച ലാഭത്തിലാണ്. നടപ്പുവർഷം ആയിരം തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. 21 വയസാണ്നിയമനം ലഭിക്കാനുള്ള പ്രായപരിധി. മികച്ച വേതനവും ആനുകൂല്യങ്ങളുമാണ് കമ്പനി മുന്നോട്ടു വെക്കുന്നത്. ഇത്തിഹാദ്, എയർ അറേബ്യ കമ്പനികളും കൂടുതൽ പേരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ്.
ഖത്തർ എയർവേസ്, സൗദി എയർലൈൻസ് എന്നിവയും പുതുതായി ആയിരങ്ങൾക്ക് തൊഴിലവസരം ലഭ്യമാക്കും. ലോകത്തെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ വിപുലപ്പെടുത്താനുള്ള ഗൾഫ് വിമാന കമ്പനികളുടെ നീക്കവും കൂടുതൽ തൊഴിലവസരങ്ങൾ തുറക്കും. ഇന്ത്യൻ സെക്ടറിൽ കൂടുതൽ റൂട്ടുകളിൽ പറക്കാൻ ഗൾഫ് വിമാന കമ്പനികൾ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഗൾഫിൽ തന്നെ കൂടുതൽ ബജറ്റ് വിമാന കമ്പനികളുടെ രംഗപ്രവേശവും വ്യോമയാന മേഖലക്ക് ഗുണം ചെയ്യും. നടപ്പുവർഷം യാത്രക്കാരുടെ എണ്ണത്തിൽ ചുരുങ്ങിയത് 18 ശതമാനം വർധന ഉണ്ടാകുമെന്നാണ് അയാട്ടയുടെ വിലയിരുത്തൽ.