മസ്‌കത്ത്: ബലിപെരുന്നാൾ അവധി എത്തിയതോടെ ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയർന്നു. പെരുന്നാൾ അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിൽ പോയി മടങ്ങി വരാൻ ലക്ഷങ്ങൾ കൈയിൽ കരുതേണ്ട അവസ്ഥയാണ്. ബലി പെരുന്നാ മധ്യവേനലവധിക്കാലത്ത് എത്തിയതും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളിലെ സ്ഥിരതയില്ലായ്മയും ഇത്തവണ നിരക്കുയരാൻ കാരണമായത്.
വരും ദിവസങ്ങളിൽ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളിലെല്ലാം 150 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്കുകൾ. എയർ ഇന്ത്യ എക്സ്പ്രസിൽ മസ്‌കത്ത്-കൊച്ചി സെക്ടറിൽ 165റിയാലും, മസ്‌കത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിൽ 185 റിയാലും, തിരുവനന്തപുരത്തേക്ക് 205 റിയാൽ എന്നിങ്ങനെയാണ് സൈറ്റുകളിൽ നൽകിയിരിക്കുന്ന നിരക്കുകൾ. സലാം എയറിലും ഇൻഡിഗോയിലും ഏറെക്കുറെ സമാനമാണ് നിരക്കുകളാണ്. ഒമാൻ എയറിൽ ഇതിലും ഏറെ മുകളിലാണ് വൺവേ ടിക്കറ്റുകൾക്ക് ചിലവ് വരുന്നത്. ആഗസ്റ്റ് ആദ്യ വാരത്തോടെയാണ് മിക്ക സ്‌കൂളുകളും അധ്യായനം പുനഃരാരംഭിക്കുന്നത്. ജൂലൈ അവസാന വാരത്തിലും ആഗസ്റ്റിലും ഉയർന്ന നിരക്കാണ് മടക്ക യാത്രക്ക് വിമാന കമ്പനികൾ ഈടാക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കും സാമ്പത്തിക ബാധ്യതകളും രക്ഷിതാക്കൾക്ക് അവധി ലഭിക്കാത്തതും ഉൾപ്പെടെ വിവിധ കാരണങ്ങൾ നാടണയാൻ കഴിയാത്ത പ്രവാസി കുടുംബങ്ങളുമുണ്ട്.