അബുദാബി/ദുബായ് : സീസൺ കഴിഞ്ഞിട്ടും കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ. യുഎഇയിൽനിന്ന് കേരളത്തിലേക്കു പോകുന്നതിനെക്കാൾ ശരാശരി നാലിരട്ടി തുക നൽകിയാൽ മാത്രമേ തിരിച്ചു വരാനാകൂ. യുഎഇയിൽ സ്കൂൾ തുറന്ന് 2 ആഴ്ച പിന്നിട്ടിട്ടും നിരക്ക് വർധന മൂലം ഒട്ടേറെ പ്രവാസി കുടുംബങ്ങൾ ഇപ്പോഴും നാട്ടിൽതന്നെയാണ്.
നിരക്കു കുറയുന്നത് കാത്തിരുന്നവരും നിരാശരായി. ഇതിനായി പല കുടുംബങ്ങളും 2 ആഴ്ച സ്കൂളിൽനിന്ന് അവധി എടുത്തിരുന്നു. ഇനിയും വൈകുന്നത് പഠനത്തെ ബാധിക്കുമെന്നതിനാൽ കൂടിയ തുക നൽകി യാത്ര ചെയ്യാൻ നിർബന്ധിതരാവുകയാണ് പലരും. കേരളത്തിൽനിന്ന് യുഎഇയിലേക്കു നേരിട്ടുള്ള വിമാനത്തിൽ സീറ്റിന് 50,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ഇന്നത്തെ നിരക്കു നോക്കുമ്പോൾ ഏതാണ്ട് പത്തിരട്ടി വരും.
ഇതേസമയം മറ്റു സെക്ടറുകൾ വഴിയുള്ള കണക്‌ഷൻ വിമാനങ്ങളിലാണ് യാത്രയെങ്കിൽ 28,000 രൂപയ്ക്ക് മുകളിലും. അതായത് നാലിരട്ടിയിലേറെ.ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് നിരക്ക് സ്പൈസ് ജെറ്റിൽ 5430 രൂപ (240 ദിർഹം). ഇതേ വിമാനത്തിൽ ഇന്ന് കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 56000 രൂപ! എന്നാൽ കണക്‌ഷൻ വിമാനങ്ങളിൽ 28,000 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.