ദുബൈ: ശൈത്യകാല സീസൺ എത്തിയതോടെ ഗൾഫ്-കേരളാ സെക്ടറിൽ വിമാന ടിക്കറ്റ് തൊട്ടാൽപൊള്ളുന്ന നിരക്കിലേക്ക്. ക്രിസ്മസ്, ശൈത്യകാല അവധിക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് വിമാനകമ്പനകളുടെ സീസൺ കൊള്ള.
യു.എ.ഇയിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ 9 മുതലാണ്. അന്ന് കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 900 ദിർഹം മുതൽ 2,700 ദിർഹം വരെ. കൊച്ചിയിലേക്ക് 1500 ദിർഹം മുതൽ 2200 ദിർഹം വരെയും തിരുവനന്തപുരത്തേക്ക് 900 മുതൽ 1700 ദിർഹം വരെയും വിവിധ വിമാന കമ്പനികൾ ഈടാക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിലേക് നേരിട്ട് സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. 1150 ദിർഹമാണ് ടികറ്റിന് ഈടാക്കുന്നത്. ജനുവരി ആദ്യത്തിൽ കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന നിരക്ക് 1350 ദിർഹം മുതൽ 3000 ദിർഹം വരെയാണ്.
കണ്ണൂരിൽ നിന്ന് 1830 ദിർഹമും, കോഴിക്കോട് നിന്ന് 1350 ദിർഹമും, കൊച്ചിയിൽ നിന്ന് 1500 ദിർഹമും, തിരുവനന്തപുരത്തുനിന്ന് 1600 ദിർഹമും ചുരുങ്ങിയത് നൽകണം. വിമാനകമ്പനികളുടെ സീസൺ കൊള്ള അവസാനിപ്പിക്കാൻ ഡിസംബറിൽ കപ്പൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്.