അബൂദബി: ദുബൈയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ ദുബൈയുടെ ലാഭത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ വർഷം 210 കോടി ദിർഹമാണ് ഫ്ലൈ ദുബൈ ലാഭമുണ്ടാക്കിയത്. കോവിഡിന് മുമ്പുള്ള കണക്കുകൾ മറികടന്നാണ് ഫ്ലൈ ദുബൈയുടെ നേട്ടം.
1,120 കോടിയാണ് കഴിഞ്ഞ വർഷം ഫ്ലൈ ദുബൈയുടെ വരുമാനം. 2022ൽ ഇത് 910 കോടി ദിർഹമായിരുന്നു. 23 ശതമാനമാണ് വരുമാനത്തിൽ വർധനയുണ്ടായത്. ദുബൈയുടെ എമിറേറ്റ്സ് ആഡംബര വിമാനമാണെങ്കിൽ ചുരുങ്ങിയ ചെലവിൽ യാത്ര സാധ്യമാക്കുന്ന ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ ദുബൈ. കേരളത്തിലേക്ക് അടക്കം 52 രാജ്യങ്ങളിലെ 122 നഗരങ്ങളിലേക്ക് കമ്പനിക്ക് സർവീസുണ്ട്. കഴിഞ്ഞ വർഷം ഒരുകോടി 38 ലക്ഷം യാത്രക്കാർ ഫ്ലൈ ദുബൈയിൽ പറന്നുവെന്നാണ് കണക്ക്. 2022ൽ ഇത് ഒരുകോടി പത്ത് ലക്ഷമായിരുന്നു.