റിയാദ്: മലബാർ പ്രവാസികൾക്ക് ആശ്വാസമായി സൗദിയിൽ നിന്ന് കരിപൂർ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ ആറു സർവീസുമായി സൗദിയിലെ ഫ്ലൈ നാസ്. നിലവിലെ ഉണ്ടായിരുന്ന സർവ്വീസുകൾ വിപുലീകരിച്ചാണ് ആഴ്ചയിൽ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും കരിപ്പൂരിലേക്ക് സർവ്വീസ് നടത്തുന്നത്. ഒക്‌ടോബർ ഒന്ന് മുതൽ ബുധൻ ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും സഊദിക്കും കരിപ്പൂരിനും ഇടയിൽ സർവ്വീസ് നടത്താനാണ് സഊദിയിലെ ബജറ്റ് വിമാനകമ്പനിയായ ഫ്ലൈ നാസ് ഒരുങ്ങുന്നത്.
റിയാദ് – കോഴിക്കോട് – റിയാദ് റൂട്ടിൽ നിലവിൽ ഉള്ള സർവ്വീസുകൾ ആണ് ആറ് സർവീസ് ആക്കി ഉയർത്തുന്നത്. ഈ സർവീസ് ഉപയോഗപ്പെടുത്തി സഊദിയിലെ ജിദ്ദ, അബഹ, നജ്‌റാൻ, ജിസാൻ, ദമാം, തബൂക് തുടങ്ങിയ മറ്റു നഗരങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും.
ലൈറ്റ് ടിക്കറ്റ് നിരക്കിൽ 20 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും അനുവദിക്കും. എന്നാൽ, തൊട്ടുയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്കിൽ 30 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജ്, ഏഴു കിലോ ഹാൻഡ് ബാഗ് എന്നിവയും അനുവദിക്കും. ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങുന്നതിനു ഫ്‌ളൈ നാസ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. www.flynas.com
കരിപ്പൂരിലെ റൺവെ പണികൾ പൂർത്തീകരിക്കുകയും 24 മണിക്കൂറും വിമാനങ്ങൾക്ക് ഇറങ്ങാൻ സാഹചര്യം ഒരുങ്ങുകയും ചെയ്തതോടെ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിലേക് എത്തുമെന്നാണ് കരുതുന്നത്. ഒമാനിലെ ബജറ്റ് എയർ ആയ സലാം എയറും പ്രതിദിന സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സഊദിയിലെ പ്രവാസികൾക്ക് സലാം എയറും ആശ്വാസമാണ്. സൗദിയിലെ വിവിധ നഗരികളിലേക്ക് സലാം എയർ സർവ്വീസ് ഉണ്ട്.