പാരിസ് : ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂവിനെ (73) പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ അവിശ്വാസപ്രമേയത്തിൽ പുറത്തായി ഒൻപതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. ഈ വർഷം തന്നെ ഫ്രാൻസിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് മിതവാദി നേതാവായ ബെയ്ഹൂ. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാണ് മക്രോ ബെയ്ഹൂവിനെ നിയമിച്ചത്. ഏതാനും ദിവസത്തിനുള്ളിൽ മന്ത്രിസഭാ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഇമ്മാനുവൽ മക്രോ നയിക്കുന്ന ഭരണമുന്നണിയിൽ 2017 മുതൽ സഖ്യകക്ഷിയായ മൊഡെം പാർട്ടിയുടെ സ്ഥാപകനാണ് ബെയ്ഹൂ. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നു തവണ മൽസരിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ നഗരമായ പോയിലെ മേയറായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ബെയ്ഹൂ 2017 ൽ നീതിന്യായവകുപ്പു മന്ത്രിയായെങ്കിലും അഴിമതിയാരോപണത്തെ തുടർന്ന് ഏതാനും മാസത്തിനകം രാജി വയ്ക്കേണ്ടി വന്നു. ഈ വർഷം ആദ്യം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടതുപക്ഷ കക്ഷികൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ നാഷനൽ റാലി സഖ്യം പിന്തുണച്ചതോടെയാണ് മുൻ പ്രധാനമന്ത്രി ബാർനിയർ പുറത്തായത്.