വത്തിക്കാൻ സിറ്റി : ഉടൻ വിരമിക്കാൻ തക്ക ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്കില്ലെന്നും ദൈവാനുഗ്രഹത്താൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ. സ്ഥാനാരോഹണത്തിന്റെ 11–ാം വാർഷികദിനമായ ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ആത്മകഥയിലാണ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ മാർച്ചിസ് റഗോണയുമൊത്ത് എഴുതിയ ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ പത്രം പ്രസിദ്ധപ്പെടുത്തി.
രണ്ടാം ലോകയുദ്ധം, അർജന്റീനയിലെ പട്ടാള അട്ടിമറി, വത്തിക്കാനിലെ ഉപജാപങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആത്മകഥയിൽ പരാമർശമുണ്ട്. മാർപാപ്പ പദവി ജീവിതകാലം മുഴുവനുള്ളതാണെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായാൽ സമർപ്പിക്കേണ്ട രാജിക്കത്ത് തയാറാക്കി സ്റ്റേറ്റ് സെക്രട്ടേറിയറ്റിനെ ഏൽപിച്ചിട്ടുണ്ട്. വിമർശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുന്നു. മാറേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ഒരുപാടു കാര്യങ്ങൾ സഭയിലുണ്ട്. എതിർപ്പുകൾ ഉണ്ടെങ്കിലും നവീകരണ ശ്രമങ്ങൾ തുടരുമെന്നും മാർപാപ്പ പറയുന്നു