മാഴ്സെ : ദാരിദ്രവും ദുരിതവും മൂലം അഭയാർഥികളായി കടൽതാണ്ടിയെത്തുന്നവർക്ക് യൂറോപ്പിന്റെ തീരങ്ങൾ തുറന്നുകൊടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയോടും മറ്റു യൂറോപ്യൻ നേതാക്കളോടും ആവശ്യപ്പെട്ടു. യൂറോപ്പ് കുടിയേറ്റ അടിയന്തരാവസ്ഥ നേരിടുന്നുവെന്ന പ്രചാരണത്തിനു പകരം അഭയാർഥികളെ മാനുഷികമായി പരിഗണിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റിനു പുറമേ യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിൻസ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെ എന്നിവരടക്കമുള്ള വേദിയിലാണു മാർപാപ്പ കുടിയേറ്റവിരുദ്ധ നിലപാടുകളെ വിമർശിച്ചത്.
‘അഭയാർഥികൾ അക്രമികളല്ല, അവർ ജീവിതം തേടിവരുന്നവരാണ്. അവരെ കടലിൽ മുങ്ങിമരിക്കാൻ വിടരരുത്. നിയമവിധേയമായ കുടിയേറ്റത്തിന് അവസരമൊരുക്കുകയാണു വേണ്ടത്.’–മാർപാപ്പ പറഞ്ഞു.
ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരെ തടയാനായി തുനീസിയയ്ക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നു കഴിഞ്ഞദിവസം ഇറ്റലി പ്രഖ്യാപിച്ചിരുന്നു. ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപേ മാർപാപ്പ മക്രോയുമായി അരമണിക്കൂർ സ്വകാര്യചർച്ച നടത്തി.