റിയോ ഡെ ജനീറോ: ജി20 രാജ്യങ്ങളുടെ 19ാമത് ഉച്ചകോടി ബ്രസീലിലെ റിയോ ഡെ ജനീറോയിൽ തുടങ്ങി. ‘നീതിയുക്തമായ ലോകവും സുസ്ഥിര ഭൂമിയും’ പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാഷ്ട്ര നേതാക്കൾ ബ്രസീലിലെത്തിയിട്ടുണ്ട്. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടം, സുസ്ഥിര വികസനവും ഊര്‍ജപരിവര്‍ത്തനവും, ആഗോള ഭരണസ്ഥാപനങ്ങളില്‍ വരുത്തേണ്ട പരിഷ്‍കാരങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച.
കാലാവസ്ഥ വ്യതിയാനം, പശ്ചിമേഷ്യയിലെ യുദ്ധം, യുക്രെയ്ൻ യുദ്ധം തുടങ്ങിയവയും ചർച്ചയാകും. പശ്ചിമേഷ്യൻ വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയാണെങ്കിൽ സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശവും ഉൾപ്പെടുത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രായേൽ അതിക്രമത്തിനെതിരായി പ്രമേയം അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന.
ആഫ്രിക്കൻ യൂനിയനെ ഉൾപ്പെടുത്തിയതിനുശേഷം ആദ്യത്തെ ഉച്ചകോടിയാണ് ഇത്തവണത്തേത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെ രാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്നു