ഗാസ : ഗാസയിൽ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തില്‍ വരും. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.
വൈകീട്ട് 4 മണിയോടെ (ഇന്ത്യൻ സമയം വൈകീട്ട് 7.30) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നും ഖത്തർ വ്യക്തമാക്കി. ഇവരെ റെഡ് ക്രോസിനു കൈമാറും. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
അതേസമയം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു. എത്ര തടവുകാരെ വിട്ടയയ്ക്കുമെന്നു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.