റിയാദ്: സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗാസയിൽ ശാശ്വത വെടിനിർത്തലാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സ്വയം പ്രതിരോധമെന്ന ഇസ്രായേലിെൻറ വാദങ്ങൾ ദുർബലമാണ്. പരിഹാരമെന്നത് ഗാസയിലെ വെടിനിർത്തലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രവുമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ നിരവധി സമാധാന ഫോർമുലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിൻറെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിെൻറ തെരഞ്ഞെടുപ്പും ആയിരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.