ജറുസലം: വെടിനിർത്തൽ കരാർ അവസാനിച്ചതോടെ ഗാസയിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ബോംബാക്രമണം പുനഃരാരംഭിച്ചതിനുശേഷം 193 പേർ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 14,800 പേർ മരിച്ചു. ഇതിൽ 6,000 കുട്ടികളും ഉൾപ്പെടുന്നതായി ഹമാസ് നിയന്ത്രണത്തിലുള്ള മന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ അവസാനിപ്പിച്ച് രണ്ടാം ദിവസവും വൻ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. വെടിനിർത്തൽ അവസാനിച്ചതിനു ശേഷം, ഈജിപ്തിൽ നിന്ന് റഫ അതിർത്തി കടന്ന് സഹായവുമായി വാഹനങ്ങൾ എത്തിക്കുന്നത് ഇസ്രയേൽ വിലക്കിയതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ച ഈജിപ്തിൽനിന്ന് സഹായവുമായി എത്തിയ ട്രക്കുകൾ ഗാസയിലേക്കു കടന്നുപോകാൻ ഇസ്രയേൽ അനുവദിച്ചു. പലയിടത്തും ജനം വെള്ളവും ഭക്ഷണവുമില്ലാതെ വലയുകയാണ്.
അതേസമയം, ഹമാസിന്റെ 400 കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതിനിടെ ചില സ്ഥലങ്ങളിൽ നിന്നും ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി. ഈജിപ്തിന്റെയും യുഎസിന്റെയും പിന്തുണയോടെ ഖത്തറിലാണ് ഹമാസും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടത്. വ്യാഴാഴ്ച കരാർ അവസാനിച്ചു.