ന്യൂയോർക്ക് / ജറുസലം : ഗാസയിൽ മാനുഷിക പരിഗണനകളാൽ വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎൻ രക്ഷാസമിതിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യുഎൻ ചാർട്ടറിലെ 99–ാം വകുപ്പുപ്രകാരമുള്ള വിശേഷാധികാരമുപയോഗിച്ചാണ് യുഎൻ മേധാവിയുടെ ഇടപെടൽ. 8 ആഴ്ച പിന്നിട്ട ഗാസ യുദ്ധം ഭീതിദമായ ദുരിതവും നാശനഷ്ടവും ഉണ്ടാക്കിയെന്നും അതു തടയാനായി വെടിനിർത്തലിനു രക്ഷാസമിതി ഇടപെടണമെന്നും ഗുട്ടെറസ് അഭ്യർഥിച്ചു.
രാജ്യാന്തര സമാധാനവും സുരക്ഷയും അപകടത്തിലാകുന്ന ഏതുവിഷയത്തിലും രക്ഷാസമിതിയുടെ ശ്രദ്ധ ക്ഷണിക്കാൻ ഈ വകുപ്പ് യുഎൻ മേധാവിക്കു പ്രയോഗിക്കാം. കിഴക്കൻ പാക്കിസ്ഥാനിൽ പാക്ക് സൈന്യം നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി 1971 ഡിസംബർ 3 ന് അന്നത്തെ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ ഈ വകുപ്പ് എടുത്തുപറഞ്ഞിരുന്നു. 2017 ൽ ഗുട്ടെറസ് സ്ഥാനമേറ്റശേഷം ഇതാദ്യമാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ 2 മുൻഗാമികളും ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല.