ജറുസലം : ഹമാസിനെ തകർക്കുംവരെ ഗാസയിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. സഖ്യകക്ഷിയായ യുഎസിന്റേത് അടക്കം രാജ്യാന്തരസമ്മർദം അവഗണിച്ച് ഗാസയിൽ കനത്ത ബോംബാക്രമണം ഇസ്രയേൽ തുടരുന്നു. അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 2 വീടുകൾ തകർന്നു; 20 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സേനയുടെ വെടിവയ്പിൽ 11 പേരും കൊല്ലപ്പെട്ടു.
പട്ടിണി പിടിമുറുക്കിയ ഗാസയിൽ ദുരിതാശ്വാസവിതരണം അസാധ്യമായതായി യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു. രണ്ടും മൂന്നും ദിവസമായി ഒന്നും കഴിക്കാത്തവരാണേറെയും.
ക്യാംപുകളിലേക്കു ഭക്ഷ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകൾ തെരുവിൽ തടയുന്ന ജനക്കൂട്ടം അവിടെവച്ചു തന്നെ ഭക്ഷണം തിന്നുതീർക്കുന്ന സ്ഥിതിയാണെന്ന് യുഎൻആർഡബ്ല്യൂഎ തലവൻ ഫിലീപ് ലാസറിനി പറഞ്ഞു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ രോഗികളായ ഒന്നിലധികം കുഞ്ഞുങ്ങളെയാണ് ഒരു കട്ടിലിൽ കിടത്തി ചികിത്സിക്കുന്നത്.