ദുബൈ: അന്തർദേശീയ സമ്മർദ്ദങ്ങൾ അവഗണിച്ച് ഗസ്സയിൽ കൂട്ടക്കരുതി തുടർന്ന് ഇസ്രായേൽ. റഫയിലും ഖാൻ യൂനുസിലും വടക്കൻ ഗസ്സയിലും സ്ഥിതി കൂടുതൽ ഗുരുതരമാണ്. ദക്ഷിണ ലബനാനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു.
റഫക്കു നേരെ കൂടുതൽ ശക്തമായ ആക്രമണം അനിവാര്യമെന്ന സൂചന നൽകി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ആസൂത്രിത കൂട്ടക്കുരുതി തടയാൻ ഉടൻ ഇടപെടണമെന്ന് യു.എന്നിനോടും അന്താരാഷ്ട്ര കോടതിയോടും ഹമാസ് ആവശ്യപ്പെട്ടു.
ഇസ്രായേൽ സുരക്ഷ ഉറപ്പാക്കാനുതകുന്ന എല്ലാ ലക്ഷ്യങ്ങളും നേടുംവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെ അമർച്ച ചെയ്യാൻ റഫക്കു നേരെയുള്ള ആക്രമണം ആവശ്യമാണ്. റഫയിൽനിന്ന് ഒഴിഞ്ഞുപോകുന്നവർക്ക് ഭക്ഷണവും സുരക്ഷയും നൽകുമെന്നും നെതന്യാഹു അറിയിച്ചു.
15 ലക്ഷത്തോളം ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന റഫയിൽ കരയാക്രമണം ഉടൻ ആരംഭിക്കാനാണ് ഇസ്രായേൽ നീക്കം. ഇത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 76 പേർ. ഇതോടെ, ഗസ്സയിൽ മരണസംഖ്യ 32,490 ആയി.
ഗസ്സയിലേക്ക് മുടക്കം കൂടാതെ സഹായം എത്തിക്കണണെന്ന യു.എൻ അഭ്യർഥനയും ഇസ്രായേൽ നടപ്പാക്കിയില്ല. ആകാശമാർഗം എത്തിച്ച സഹായം ശേഖരിക്കാൻ ശ്രമിച്ച 12 ഫലസ്തീനികൾ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ലോകത്തിന്റെ മുഴുവൻ നോവായി മാറി.തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു.