ഗാസ സിറ്റി : ഹമാസ് ആക്രമണത്തിനു തിരിച്ചടിയായുള്ള ഇസ്രയേലിന്റെ വ്യോമാക്രമണവും ഉപരോധവും കടുത്തതോടെ ഗാസ വൻ മനുഷ്യദുരന്തത്തിന്റെ മുനമ്പിൽ. വ്യോമാക്രമണത്തിൽ തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ ആയിരത്തിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നു. യുദ്ധം തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. നാലിലൊന്നും കുട്ടികളാണ്. 10,000 പേർക്കു പരുക്കേറ്റു. മിനിറ്റിൽ ഒരാൾ വീതം പരുക്കുകളോടെ ഗാസയിലെ ആശുപത്രികളിൽ എത്തുകയാണെന്നും അടിയന്തര സഹായമെത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി. ഗാസ ഒഴിയാൻ മടിക്കുന്നവരും ആശുപത്രികളിൽ അഭയം തേടുന്നത് സ്ഥിതി കൂടുതൽ ആശങ്കാജനകമാക്കുന്നു. ജനറേറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ ശേഷിക്കുന്നത് 24 മണിക്കൂർ നേരത്തേക്കുള്ള ഇന്ധനം മാത്രം.