ജറുസലം : പുതുവർഷത്തിൽ ഗാസയിലെ അൽ ബുറേജ് അഭയാർഥിക്യാംപിലും ജബാലിയയിലും ഖാൻ യൂനിസിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളടക്കം 22 പലസ്തീൻകാർ കൊല്ലപ്പെട്ടു.ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഗാസയിലെ 1500 ൽ ഏറെ അഭയാർഥി കൂടാരങ്ങൾ ഒലിച്ചുപോയെന്നും നൂറുകണക്കിനു കൂടാരങ്ങൾ ഉപയോഗശൂന്യമായെന്നും യുഎൻ ഏജൻസികൾ അറിയിച്ചു.
ബുറേജ് ക്യാംപിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് ആക്രമണം. ഹമാസ് നേതാവ് അബ്ദുൽ ഹാദി സബായെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് വീണ്ടും സംഘം ചേരുന്നതു തടയാനാണു വടക്കൻ ഗാസ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ തുടരുന്നതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
15 മാസം പിന്നിടുന്ന യുദ്ധത്തിൽ ഗാസയിലെ ജനസംഖ്യ 6% കുറഞ്ഞതായി പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 11,000 പേരെ കാണാതായി. ഒരുലക്ഷത്തിലേറെപ്പേർ ഗാസ വിട്ടുപോയി. 21 ലക്ഷമാണ് ഗാസ ജനസംഖ്യ; ഇതിൽ 47 ശതമാനത്തിലേറെ 18 വയസ്സിൽ താഴെയുള്ളവരാണ്.