തെൽ അവിവ്: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നുവെന്ന് യുഎൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര യുഎൻ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടനും ഫ്രാൻസും പ്രതികരിച്ചു.
വെടിനിർത്തൽ ചർച്ചക്ക് വഴിയൊരുക്കാൻ ഈജിപ്ത് സംഘം ദോഹയിലേക്ക് പുറപ്പെട്ടു. ഗസ്സയിലേക്ക് സഹായം അനുവദിക്കണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം ഇസ്രായേൽ സുപ്രിം കോടതി തള്ളി.
അതിനിടെ കഴിഞ്ഞ മണിക്കൂറുകളിൽ യെമനിലെ നിരവധി ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ യുഎസ് സൈന്യം ആക്രമണം നടത്തി. ആകെ 37 വ്യത്യസ്ത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എട്ട് ആക്രമണങ്ങൾ അമ്രാൻ ഗവർണറേറ്റിലെ ഹാർഫ് സുഫ്യാൻ ജില്ലയിലെ ബ്ലാക്ക് മൗണ്ടൻ പ്രദേശത്തെ ലക്ഷ്യമിട്ടായിരുന്നു.ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.