ഗാസ / ജറുസലം : കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ, ബുധനാഴ്ച രാത്രി വടക്കൻ ഗാസയിൽ ഇസ്രയേലിന്റെ കരയാക്രമണവും. ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയശേഷം ഇന്നലെ പുലർച്ചെയോടെ പിൻവാങ്ങിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ടാഴ്ച മുൻപും ഗാസയിൽ പരിമിത കരയാക്രമണം നടത്തിയിരുന്നു.
തുടർച്ചയായ 20–ാം ദിവസവും ഇസ്രയേൽ വ്യോമാക്രമണം തുടർന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേർ കൊല്ലപ്പെട്ടു. ആറാഴ്ച നീണ്ട 2014ലെ ഗാസ–ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടിയാണിത്. 6,000 കുട്ടികളടക്കം 18,482 പേർക്കു പരുക്കേറ്റു.