ജറുസലം : ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.
ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.