ദുബായ് : ഒരു രാത്രിയിൽ ഏഴു തവണ പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. രാത്രി 8 മുതൽ 1 മണിവരെ നീളുന്നതാണു വമ്പൻ പുതുവൽസരാഘോഷം.
ചൈനയിൽ തുടങ്ങി തുർക്കിയിൽ അവസാനിക്കുന്ന അവിസ്മരണീയ ആഘോഷങ്ങൾക്ക് ഇപ്പോഴേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാത്രി എട്ടിന് ചൈനയിൽ പുതുവർഷം പിറക്കുമ്പോൾ ഗ്ലോബൽ വില്ലേജിന്റെ മാനത്തും ആഘോഷത്തിന്റെ അമിട്ടു പൊട്ടും. പിന്നാലെ വിവിധ ടൈം സോണുകളിലെ രാജ്യങ്ങളുടെ പുതുവൽസരാഘോഷത്തിന്റെ വരവാണ്.
പ്രാദേശിക സമയം രാത്രി 10.30ന് ഇന്ത്യൻ പുതുവൽസരാഘോഷവും രാത്രി 12ന് യുഎഇയുടെ പുതുവൽസരാഘോഷവും നടക്കും. ഒരു മണിക്ക് തുർക്കിയുടെ ആഘോഷത്തോടെ പുതുവൽസര പരിപാടികൾക്ക് കൊടിയിറങ്ങും. 30ന് വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും 31ന് 4 മുതൽ പുലർച്ചെ രണ്ടുവരെയും ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും. സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായിരിക്കും 31ന് പ്രവേശനം.