ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുമായെത്തിയ മൈക്രോസോഫ്റ്റിനെ നേരിടാനായി ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് ഇപ്പോള്‍ കൂടുതല്‍ ആളുകളിലേക്ക്. ബാര്‍ഡ് ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കും. ചാറ്റ് ജിപിടി ചെയ്തത് പോലെ ലോഗിന്‍ ചെയ്യുന്നവരെ വെയ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ബാര്‍ഡ് സേവനം തുറന്നുകൊടുക്കുന്നത്.
ഇതുവരെ ഗൂഗിള്‍ തിരഞ്ഞെടുത്ത പരിമിതമായ ചിലയാളുകള്‍ക്കിടയില്‍ മാത്രമാണ് ബാര്‍ഡ് ലഭ്യമാക്കിയിരുന്നത്. യുഎസിലും യുകെയിലുമുള്ളവര്‍ക്കാണ് ആദ്യം ബാര്‍ഡ് ഉപയോഗിക്കാനാവുക. എത്രപേര്‍ക്കാണ് ഇത് ലഭിക്കുക എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ആദ്യമായി അവതരിപ്പിക്കുന്നതിനിടെ ബാര്‍ഡ് വരുത്തിയ പിഴവ് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരിക്കും ബാര്‍ഡ് ജനങ്ങളിലേക്ക് എത്തിക്കുക.
എതിരാളിയായ മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ നിര്‍മിച്ച ചാറ്റ് ജിപിടി സേവനം ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ഗൂഗിള്‍ സെര്‍ച്ചിന്റെ എതിരാളിയായ ബിങ് ബ്രൗസറിലും ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ടുകള്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. ഇത് ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സായ ഗൂഗിള്‍ സെര്‍ച്ച്, ക്രോം ബ്രൗസര്‍ എന്നിവയെ ബാധിച്ചേക്കാമെന്ന ഭീഷണി നിലനില്‍ക്കെയാണ് ബാര്‍ഡുമായുള്ള രംഗപ്രവേശം.