ഓസ്റ്റിൻ (യുഎസ്): ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിൻ ഇന്നലെ നടത്തിയ ഏഴാം ദൗത്യത്തിൽ ഭാഗമായ ഗോപിചന്ദ് തോട്ടക്കുറ (30) ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വിനോദസഞ്ചാരിയായി.
ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയാണ്. റിട്ട. വിങ് കമാൻഡർ രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തെത്തിയ ഇന്ത്യൻ പൗരനും ഇദ്ദേഹമാണ്. പടിഞ്ഞാറൻ ടെക്‌സസിൽനിന്നാണു ബ്ലൂ ഒറിജിന്റെ ന്യൂഷെപാഡ് പേടകം ഇന്നലെ ഇന്ത്യൻ സമയം രാത്രി എട്ടേകാലോടെ ഉയർന്നുപൊങ്ങിയത്. 11 മിനിറ്റ് നീണ്ടു യാത്ര.
ഭൗമനിരപ്പിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി നിർവചനമായ കാർമൻ ലൈൻ ദൗത്യം കടന്നു. പിന്നീട് ക്രൂ മൊഡ്യൂൾ തിരിച്ചിറങ്ങി. ഒരു പാരഷൂട്ട് വിടരുന്നതിൽ ചെറിയ പ്രശ്നമുണ്ടായെങ്കിലും യാത്ര ശുഭകരമായി. ഗോപിചന്ദിനൊപ്പം 90 വയസ്സുള്ള എഡ് ഡ്വൈറ്റ് ഉൾപ്പെടെ 5 യാത്രികരുണ്ടായിരുന്നു.
പൈലറ്റും യുഎസ് അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസർവ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ് ഗോപിചന്ദ്. ഇന്ത്യയിൽ എയർ ആംബുലൻസ് സർവീസും നടത്തിയിരുന്നു. വിവിധ തരം വിമാനങ്ങളും ബലൂണുകളും ഗ്ലൈഡറുമൊക്കെ പറപ്പിക്കാൻ വിദഗ്ധനാണ്.
പരമാവധി 6 പേർക്ക് ഇരിക്കാവുന്നതാണ് ന്യൂഷെപാഡ് പേടകം. ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപേഡിന്റെ സ്മരണാർഥമാണു പേടകത്തിനു പേരു നൽകിയത്.