ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാർ ഒരു തരത്തിലുമുള്ള സമരങ്ങളിലോ പ്രതിഷേധത്തിലോ പങ്കെടുക്കരുതെന്ന് ഔദ്യോഗിക ഉത്തരവ്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ ദേശീയ സംയുക്ത ആക്‌ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് എല്ലാ കേന്ദ്രസർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയത്.
കൂട്ട കാഷ്വൽ അവധി എടുക്കൽ, മെല്ലെപ്പോക്ക്, കുത്തിയിരിപ്പ് തുടങ്ങിയ സമരരീതികളൊന്നും പാടില്ലെന്നു നിർദേശമുണ്ട്. ചട്ട പ്രകാരം സമരത്തിന്റെ പരിധിയിൽ വരുന്ന ഒരു പ്രതിഷേധവും അരുത്. സമരം ചെയ്യാൻ ജീവനക്കാർക്ക് അധികാരം നൽകുന്ന വകുപ്പുകളൊന്നും നിലവിലില്ലെന്ന് ഉത്തരവിൽ പറയുന്നു. സമരം ചെയ്യുന്നത് ഗുരുതരമായ പെരുമാറ്റദൂഷ്യമാണെന്നും അതിനെ നിയമപരമായി നേരിടണമെന്നും നിരവധി സുപ്രീം കോടതി ഉത്തരവുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സമരക്കാർ ഡയസ്നോൺ ഉൾപ്പെടെ അച്ചടക്ക നടപടികൾ നേരിടേണ്ടി വരും. എല്ലാ വകുപ്പുകളും ഇതു പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
പഴയ പെൻഷൻ ആവശ്യപ്പെട്ടുള്ള സമരത്തിന്റെ സമയത്ത് കാഷ്വൽ ലീവോ മറ്റ് അവധികളോ അനുവദിക്കരുത്. ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് തടസ്സമുണ്ടാക്കുകയും അരുത്. സമരം ചെയ്യുന്നവരുടെ വിശദവിവരങ്ങൾ പഴ്സനേൽ വകുപ്പിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.