ന്യൂഡൽഹി: ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക പൂർണ്ണമായും ഇന്ന് തന്നെ അനുവദിക്കുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിനായി 16,982 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതമായ 780 കോടി രൂപയാണ് ലഭിക്കുക.
മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ കുടിശ്ശിക ലഭിക്കാനുള്ളത്. 2102 കോടി രൂപ അവർക്ക് ലഭിക്കും. കർണാടകയ്ക്ക് 1934 കോടി രൂപയും ഉത്തർപ്രദേശിന് 1215 കോടി രൂപയും കിട്ടും. പുതുച്ചേരിക്കാണ് ഏറ്റവും കുറവ് കുടിശ്ശിക ലഭിക്കാനുള്ളത്, 73 കോടി രൂപ.
2017 ജിഎസ്ടി ആരംഭിച്ചത് മുതൽ 2022 ജൂൺ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ് കേന്ദ്രം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ ജിഎസ്ടി ധാരണ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം പൂർണ്ണമായും തീർപ്പാക്കിയതായി ധനമന്ത്രി അറിയിച്ചു.
നഷ്ടപരിഹാര കുടിശ്ശിക കൂടാതെ എജി സാക്ഷ്യപ്പെടുത്തിയ വരുമാന കണക്കുകൾ നൽകിയ സംസ്ഥാനങ്ങൾക്ക് അന്തിമ ജിഎസ്ടി നഷ്ടപരിഹാരവും നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 16,524 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കേരളം എജി സാക്ഷ്യപ്പെടുത്തിയ രേഖകൾ ഇതുവരെ നൽകിയിട്ടില്ലെന്ന് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. പിന്നാലെ അക്കൗണ്ടന്റ് ജനറൽ കണക്കുകൾ കൈമാറുകയുണ്ടായി.