പട്ന :ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ ഉത്തർപ്രദേശും ബിഹാറും കേരളത്തെ മറികടന്നു. കഴിഞ്ഞ വർഷം വരെ മുന്നിലായിരുന്ന കേരളത്തിൽനിന്നു ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമെത്തിയപ്പോൾ കേരളം മൂന്നാം സ്ഥാനത്തായി.
യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ 6 ജിസിസി രാജ്യങ്ങളിൽ ഈ വർഷം തൊഴിൽ നേടിയ ഇന്ത്യക്കാരെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടിയ ഇന്ത്യക്കാരുടെ സംഖ്യയിൽ ഈ വർഷം 50% വർധനയുമുണ്ടായി. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ തൊഴിലാളികൾ പോകുന്നത്. ഗൾഫിൽ തൊഴിൽ നേടുന്ന വനിതകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്.