ദുബായ് : യുഎഇയുടെ 53-ാമത് ദേശീയ ദിനം ഡിസംബർ 4 വരെ ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കും. സാംസ്കാരിക പരിപാടികൾ, വെടിക്കെട്ടുകൾ, ഡ്രോൺ ഷോകൾ, വൈവിധ്യമാർന്ന ഭക്ഷണ അനുഭവങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ പരിപാടികൾ അരങ്ങേറും
രാജ്യത്തിന്റെ ഐക്യവും അഭിമാനവും ഉൾക്കൊള്ളുന്ന അനുഭവങ്ങളായിരിക്കും സന്ദർശകർക്ക് ലഭിക്കുകയെന്ന് അധികൃതർ പറഞ്ഞു. ഐക്കണിക് അലങ്കാരങ്ങളും ലൈറ്റിങ് ഡിസ്‌പ്ലേകളും ഉപയോഗിച്ച് ഗ്ലോബൽ വില്ലേജ് മാറ്റിമറിക്കപ്പെടും. അതിന്റെ ഗേറ്റുകളും ലാൻഡ്‌മാർക്കുകളും യുഎഇ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കുന്നതുമാണ്.
യുഎഇ പതാകയുടെ നിറങ്ങൾ ആകാശത്തെ പ്രകാശിപ്പിക്കുന്ന മനോഹരമായ കരിമരുന്ന് പ്രകടനം 29 മുതൽ ഡിസംബർ 3 വരെ രാത്രി 9നാണ് നടക്കുക. ഡിസംബർ 2ന് സന്ദർശകർക്ക് പ്രത്യേക ഡ്രോൺ പ്രദർശനം ആസ്വദിക്കാം. ഡിസംബർ 1 മുതൽ 3 വരെ ആഗോളഗ്രാമത്തിന്റെ പ്രധാന വേദിയിൽ അവതരിപ്പിക്കുന്ന ‘ഹവാ ഇമാറാതി’ എന്ന ഗംഭീര തിയറ്റർ പരിപാടിയാണ് ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം.