മനാമ: ഒൻപത് വർഷത്തിന് ശേഷം ബഹ്‌റൈൻ വീണ്ടും ഗൾഫ് ഉച്ചകോടിക്ക് വേദിയാകുന്നു. 46ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് 2025 ഡിസംബറിൽ ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. മേഖലയുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന തീരുമാനങ്ങൾക്ക് ഉച്ചകോടി വേദിയാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രാദേശിക, അന്തർദേശീയ തലത്തിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് 46-ാമത് ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത്. ഗൾഫ് മേഖലയുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കാനും അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യം കൂടുതൽ ബലപ്പെടുത്താനും ഉതകുന്നതാകും ഉച്ചകോടി. സംയുക്ത ഗൾഫ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ബഹ്റൈന്‍റെ ഉറച്ച പ്രതിബദ്ധത ഉച്ചകോടിയിൽ പ്രതിഫലിപ്പിക്കും.



