മനാമ: രാത്രിയിൽ ഏറ്റവും സുരക്ഷിതരായി ഒറ്റക്ക് പുറത്തിറങ്ങി നടക്കാൻ പറ്റുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ബഹ്റൈനും. ഗാലപ്പ് പുറത്തിറക്കിയ 144 രാജ്യങ്ങളുടെ ആഗോള സുരക്ഷാ റിപ്പോർട്ടിൽ ബഹ്റൈൻ ഒൻപതാം സ്ഥാനം നേടി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ ഏറെ മുന്നിലാണ്. ബഹ്റൈന് പുറമേ സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളും ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
സുരക്ഷാ സൂചികയിൽ 94 ശതമാനത്തോടെ ഒമാനാണ് ഗൾഫ് രാജ്യങ്ങളിൽ മുൻപിൽ. 93 ശതമാനത്തോടെ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 91 ശതമാനത്തോടെ കുവൈത്ത് മൂന്നാം സ്ഥാനത്തും 90 ശതമാനത്തോടെ ബഹ്റൈനും യു.എ.ഇയും നാലാം സ്ഥാനത്തുമുണ്ട്. ആഗോള തലത്തിൽ 98 ശതമാനവുമായി സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രാജ്യങ്ങളിലെ ക്രമസമാധാന നിലവാരം, പൊലീസ് സംവിധാനത്തിലുള്ള വിശ്വാസം, മോഷണം, ആക്രമണം തുടങ്ങി വിവിധ വശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗാലപ്പ് സുരക്ഷാ റിപ്പോർട്ട് തയാറാക്കുന്നത്.
നിയമ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം, ഉയർന്ന സുരക്ഷിതത്വ ബോധം, കുറ്റമറ്റ സംവിധാനങ്ങൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക് എന്നിവയാണ് ഗൾഫ് രാജ്യങ്ങളുടെ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് വ്യക്താക്കുന്നു.



