“ദി കേരള സ്റ്റോറി” ചലച്ചിത്രം വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നിർമ്മിച്ചത്. ഈ ചലച്ചിത്രത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഈ ചലച്ചിത്രം തയ്യാറാക്കിയതെന്ന് KPA സംശയിക്കുന്നു.
ഈ സാഹചര്യത്തിൽ “ദി കേരള സ്റ്റോറി” രാജ്യത്ത് നിരോധിക്കാൻ ഭരണകൂടം നടപടി സ്വീകരിക്കണം. മതനിരപേക്ഷ കേരളത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ വർഗീയതയുടെ വിളനിലമായി ചിത്രീകരിക്കാനാണ് ഈ ചലച്ചിത്രം ശ്രമിക്കുന്നത്. ജാതിമത വേർതിരിവില്ലാതെ ഏകോദര സഹോദരങ്ങളെ പോലെയാണ് കേരള ജനത ജീവിക്കുന്നത്.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം വിളയുന്ന മണ്ണാണ് കേരളം. ഓരോ പൗരനും ഇഷ്ടമുള്ള മതവിശ്വാസങ്ങൾ പിന്തുടരാൻ ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. എല്ലാ മതവിശ്വാസികൾക്കും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തടസ്സമില്ലാതെ പിന്തുടരാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.
പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കുന്ന കേരള ജനതയെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് ചിലർ ശ്രമിക്കുന്നത്. ദി കേരള സ്റ്റോറിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്തണം. കേരളത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ച ഛിദ്രശക്തികൾക്ക് എതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും കേരള പ്രവാസി അസോസിയേഷൻ ആവശ്യപ്പെടുന്നു.