ഷാർജ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ ബസ് ഫീസ് 35 % വരെ വർധിപ്പിച്ചതായി രക്ഷിതാക്കളുടെ പരാതി. അടുത്ത സ്കൂൾ വർഷം മുതലാണ് വർധന പ്രാബല്യത്തിൽ വരിക. വാർഷിക ഫീസിൽ 1000 ദിർഹത്തിന്റെ വരെ വർധനയുണ്ടായെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബസ് ഫീസ് വർധിപ്പിച്ചാൽ പിന്നാലെ യൂണിഫോം, ഷൂ, പുസ്തകങ്ങൾ എന്നിവയുടെയും വില കൂടാറുണ്ടെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു.
ഒന്നലിധികം കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്കു ഫീസ് വർധന കടുത്ത സാമ്പത്തിക ബാധ്യതയാണ്. മുൻകൂട്ടി അറിയിക്കാതെ കുട്ടികളെ ചേർത്ത ശേഷം ഉയർന്ന ബസ് ഫീസ് ആവശ്യപ്പെട്ടുന്ന സ്കൂളുകളുമുണ്ട്. സ്കൂൾ ബസ് നിരക്ക് ഓരോ എമിറേറ്റിലെയും മാനദണ്ഡങ്ങൾ പാലിച്ചാണ് ഈടാക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.
നിരക്കുവർധന വരുത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ആവശ്യമാണ്. രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചു കരാറിൽ ഒപ്പിട്ട ശേഷമാണ് വർധന നടപ്പാക്കേണ്ടതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.