അബുദാബി : എൻജിൻ ഓഫ് ആക്കാതെ വാഹനത്തിൽനിന്ന് പുറത്തുപോകുന്ന ഡ്രൈവർമാരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്. വാഹനം ഓഫ് ആക്കാതെ ഇന്ധനം നിറയ്ക്കുക, എടിഎം മെഷീനിൽനിന്ന് പണം എടുക്കുക, പ്രാർഥനയ്ക്ക് പോകുക എന്നീ കുറ്റങ്ങൾക്കെല്ലാം പിഴ ഈടാക്കും.
ഇതിന് അപകടസാധ്യത കൂടുതലായതിനാലാണ് കർശന നടപടിയെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ചിലർ കുട്ടികളെയും നവജാതശിശുക്കളെയും വാഹനത്തിൽ തനിച്ചാക്കി പുറത്തുപോകുന്നതും ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്. ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.