ഗുരുവായൂർ : ഭക്തരുടെ തിരക്ക് കുറയുന്ന കർക്കടക മാസത്തിലും ഗുരുവായൂരിൽ ദർശനത്തിന് വൻ തിരക്ക്. കർക്കടകത്തിലെ ഞായറാഴ്ച 72.18 ലക്ഷം രൂപയുടെ വഴിപാട് ഇക്കാലത്തെ റെക്കോർഡ് ആയി. 1000 രൂപയുടെയും 4500 രൂപയുടെയും നെയ് വിളക്ക് വഴിപാട് ചെയ്ത് ക്യൂ നിൽക്കാതെ 2600 പേർ ദർശനം നടത്തി. ഈ ഇനത്തിൽ മാത്രം വരുമാനം 25.69 ലക്ഷം രൂപയാണ്. തുലാഭാരം വഴിപാടിൽ നിന്ന് 22.16 ലക്ഷം രൂപ ലഭിച്ചു. 6.35 ലക്ഷം രൂപയുടെ പാൽപായസവും 1.94 ലക്ഷം രൂപയുടെ നെയ്പായസവും വഴിപാട് ഉണ്ടായി. 514 കുട്ടികളുടെ ചോറൂണും 2 വിവാഹവും നടന്നു.
രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ എല്ലാ വിഐപി ദർശനവും നിർത്തി വരി നിൽക്കുന്ന ഭക്തർക്ക് മാത്രം ദർശന സൗകര്യം ഒരുക്കി. കൊടിമരത്തിന് സമീപത്തു കൂടി നാലമ്പലത്തിലേക്ക് നേരിട്ട് പ്രവേശനം നൽകിയതിനാൽ ഭക്തരുടെ കാത്ത് നിൽപ് സമയം കുറഞ്ഞു. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്രം ഉദ്യോഗസ്ഥരും സുരക്ഷ ജീവനക്കാരും കഠിനാധ്വാനം ചെയ്ത് ഭക്തർക്ക് ദർശന സൗകര്യം ഒരുക്കി. വരി നിന്നവരെല്ലാം തൊഴുത് നട അടച്ചത് ഉച്ചയ്ക്ക് 2 .20നാണ്.