ദോഹ : ആഗോളതലത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി മികവിന് ഏഷ്യ-പസിഫിക്ക്, മിഡിൽ ഈസ്റ്റ് മേഖലയിൽ ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് രണ്ടാം സ്ഥാനം.
എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷനലിന്റെ ഈ വർഷത്തെ ഏഷ്യ-പസിഫിക്, മിഡിൽ ഈസ്റ്റ് എയർപോർട് കണക്ടിവിറ്റി സൂചികയിലാണ് ഹമദ് രണ്ടാമതെത്തിയത്. യാത്രക്കാർക്ക് ആഗോള വ്യോമ ഗതാഗത ശൃംഖലയിലേക്കുള്ള പ്രവേശനക്ഷമത, നേരിട്ടും അല്ലാതെയുമുള്ള റൂട്ടുകളിലൂടെ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കൽ, സർവീസ് ഫ്രീക്വൻസി, നിരക്ക് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലൂടെ വിവിധ നഗരങ്ങളിലേക്ക് വേഗത്തിലുള്ള കണക്ടിവിറ്റിയാണ് ഹമദ് പ്രദാനം ചെയ്യുന്നത്. നിലവിൽ 170 നഗരങ്ങളിലേക്കാണ് ഹമദ് വിമാനത്താവളത്തിൽ നിന്ന് സർവീസ്. ഖത്തർ എയർവേയ്‌സിന് പുറമെ അമേരിക്കൻ എയർലൈൻസ്, ഫിൻഎയർ, മലേഷ്യ എയർലൈൻസ് തുടങ്ങി നിരവധി എയർലൈൻ പങ്കാളികളാണ് യുഎസ്, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ ഹമദിനെ സഹായിക്കുന്നത്. ഈ വർഷം ആദ്യ പകുതി വരെ ഹമദിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ 33.5 % ആയിരുന്നു വാർഷിക വർധന. 6 മാസത്തിനിടെ യാത്രക്കാർ 20,77,5,087 ആയി. പ്രതിവർഷം 70 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ തക്കവിധം ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട വിപുലീകരണ ജോലികളിലാണ് വിമാനത്താവളം. ആദ്യ ഘട്ട വിപുലീകരണത്തിൽ ഉഷ്ണ മേഖലാ ഉദ്യാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളും നൂതന സുരക്ഷാ സംവിധാനങ്ങളുമായി യാത്രക്കാർക്ക് വിമാനത്തിലും മികച്ച സൗകര്യങ്ങളാണ് ഉറപ്പാക്കുന്നത്.
കണക്ടിവിറ്റി മികവിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് രണ്ടാം സ്ഥാനം
RELATED ARTICLES