ന്യൂഡൽഹി: മോദി സർക്കാരിന്റെ മോശം നയങ്ങൾക്കെതിരെ കുറ്റപത്രം പുറത്തുവിട്ട് കോൺഗ്രസ്. ശനിയാഴ്ച എ.ഐ.സി.സി. ആസ്ഥാനത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുപേജുള്ള കുറ്റപത്രം പുറത്തുവിട്ടത്. ബി.ജെ.പി. സർക്കാരിന്റെ മോശം നയങ്ങൾ മൂലം വേദനയനുഭവിക്കുകയാണ് രാജ്യത്തെ ജനതയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഭാരത് ജോഡോ യാത്രയ്ക്കുശേഷമുള്ള കോൺഗ്രസിന്റെ പുതിയ ക്യാമ്പയിനാണ് സർക്കാരിനെതിരായ കുറ്റപത്രം പുറത്തുവിടുക എന്നത്. ആദ്യഘട്ടമെന്ന നിലയിൽ ദേശീയതലത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കുറ്റപത്രമാണ് ശനിയാഴ്ച പുറത്തുവിട്ടത്. ബി.ജെ.പി.യോ മറ്റു പാർട്ടികളോ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ തുടർച്ചയുണ്ടാകും. അവിടങ്ങളിലെ സർക്കാരുകൾക്കെതിരെ അതതു സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ കുറ്റപത്രം പുറത്തുവിടുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു.
ബി.ജെ.പി. ഒരു ഭ്രഷ്ട് ജുംല പാർട്ടിയാണെന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു. കുറച്ചുപേരുടെ പ്രയോജനത്തിന്, സ്വയം വികസനത്തിന്, എല്ലാവരെയും വഞ്ചിച്ച് എന്നതാണ് സർക്കാരിന്റെ മന്ത്രമെന്നും കെ.സി. പറഞ്ഞു. കുറ്റപത്രത്തിനൊപ്പം ഹാത് സെ ഹാത് ജോഡോ അഭിയാൻ” എന്ന ക്യാമ്പയിനും കോൺഗ്രസ് തുടക്കമിടുന്നുണ്ട്. ജനുവരി 26-ന് തുടങ്ങി രണ്ടുമാസം നീണ്ടുനിൽക്കുന്നതാണ് ഹാത് സെ ഹാത് ജോഡോ അഭിയാൻ. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിലും പത്തുലക്ഷത്തോളം പോളിങ് ബൂത്തുകളിലും രണ്ടര ലക്ഷം പഞ്ചായത്തുകളിലും ആറുലക്ഷം വില്ലേജുകളിലും ഇതിന്റെ ഭാഗമായി പാർട്ടി നേതാക്കളെത്തും.