തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കും. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചതിനെത്തുടർന്നു പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
• മറ്റു തീരുമാനങ്ങൾ:
സര്‍ക്കാര്‍ ഗ്യാരന്റി: കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കും. 4200 കോടി രൂപ, ഈ വർഷം ജനുവരി 12 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരന്റിയുമാണ്.
തസ്തിക: നിലമ്പൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമേ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തിക കൂടി സൃഷ്ടിക്കുന്നതിനു ഭരണാനുമതി നല്‍കി.
പുനര്‍നാമകരണം: കെ–ഫോണ്‍ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തിക ചീഫ് ടെക്നോളജി ഓഫിസര്‍ (സിടിഒ) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.