ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിനൊരുങ്ങി സൗദി അറേബ്യ. എയര്‍ബസുമായി ചേര്‍ന്ന് നൂറ് ഹെലികോപ്റ്ററുകള്‍ രാജ്യത്ത് നിര്‍മ്മിക്കാനാണ് സൗദി അറേബ്യ ധാരണയായത്. സൗദി ഫ്രഞ്ച് ഇന്‍വെസ്റ്റ്‌മെന്‍റ് ഫോറത്തില്‍ കരാറില്‍ ഒപ്പിടും.
സിവില്‍ മിലിട്ടറി ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. എയര്‍ബസുമായി ചേര്‍ന്ന് നൂറ് കോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ ധാരണയിലെത്തിയതായി സ്‌കൂബ ഡിഫന്‍സ് ഗ്രൂപ്പ് സി.ഇ.ഒ ഫവാസ് അല്‍ അഖീല്‍ വെളിപ്പെടുത്തി. കരാര്‍ മിഡിലിസ്റ്റ് ചരിത്രത്തില്‍ അപൂര്‍വ്വമായിരിക്കും. സൗദി ഫ്രഞ്ച് നിക്ഷേപക ഫോറത്തില്‍ കരാര്‍ ഒപ്പ് വെക്കുമെന്നും സ്‌കൂബ ഡിഫന്‍സ് ഗ്രൂപ്പ് സി.ഇ.ഒ പറഞ്ഞു.
പദ്ധതി വഴി 25 ബില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം പ്രതിരോധ ഉപകരണങ്ങളുടെ പ്രാദേശിവല്‍ക്കരണവും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി വഴി 8500 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരവും സൃഷ്ടിക്കും. അടുത്ത പത്ത് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനുള്ള രൂപരേഖ തയ്യാറാക്കിയതായും ഫവാസ് അല്‍ അഖീല്‍ പറഞ്ഞു. അടുത്ത ഫെബ്രുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഡിഫന്‍സ് എക്‌സിബിഷനില്‍ കമ്പനിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി