കൊച്ചി: ക്ഷേത്രത്തിലും പരിസരത്തും കാവിക്കൊടി സ്ഥാപിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കൊല്ലം മുതുപിലാക്കാട് ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കരുനീക്കങ്ങൾക്കുപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.
പാർഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നതിനെ ചിലർ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും അവർ കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചതിലൂടെ പ്രദേശത്ത് നിരവധി തവണ സംഘർഷമുണ്ടായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും ഇത് ക്ഷേത്രത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഹരജിക്കാരിൽ രണ്ടാമത്തെയാൾ നരഹത്യാ ശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്.