ബാലപീഡനത്തിന് ഒത്താശ ചെയ്തയാള്‍ക്ക് മാപ്പ് നല്‍കി വിട്ടയച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഹംഗറി പ്രസിഡന്‍റ് കാതലിന്‍ നൊവാക് രാജിവച്ചു. പ്രതിപക്ഷത്തിന്‍റെ ബാലാവകാശ സംരക്ഷണ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് 46കാരായായ കാതലിന്‍ രാജി പ്രഖ്യാപിച്ചത്. തനിക്ക് തെറ്റുപറ്റിയെന്നും പീഡകരെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും തീരുമാനത്തെ തുടര്‍ന്ന് മുറിവേറ്റ ഇരകളുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും രാജിക്കത്തില്‍ കാതലിന്‍ വ്യക്തമാക്കി. കുട്ടികളുടെയും കുടുംബത്തിന്‍റെയും ക്ഷേമത്തിന് വേണ്ടിയാണ് താന്‍ ഇന്നുവരെ പ്രവര്‍ത്തിച്ചതെന്നും അത് ഇനിയും തുടരുമെന്നും ഇത് മനപൂര്‍വമല്ലാതെ വന്ന പിഴയാണെന്നും അവര്‍ കുറിച്ചു.
ഹംഗറിയിലെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നടന്ന പീഡനത്തില്‍ ചില്‍ഡ്രന്‍സ് ഹോം ഡയറക്ടറുടെ ചെയ്തികള്‍ മറച്ച് വയ്ക്കാന്‍ സഹായിച്ച പ്രതിക്കാണ് കാതലിന്‍ കഴിഞ്ഞ ഏപ്രിലില്‍, മാര്‍പാപ്പയുടെ ബുഡാപെസ്റ്റ് സന്ദര്‍ശനത്തിനിടെ മാപ്പ് നല്‍കിയത്. കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യം വാര്‍ത്താമാധ്യമത്തില്‍ തെളിവ് സഹിതം പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിപക്ഷം കാതലിന്‍റെ രാജിക്കായി മുറവിളി കൂട്ടിയത്. വെള്ളിയാഴ്ച പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് പുറത്ത് വന്‍ പ്രക്ഷോഭം ജനങ്ങള്‍ നടത്തി. തുടര്‍ന്ന് കാതലിന്‍റെ മൂന്ന് ഉപദേഷ്ടാക്കള്‍ രാജിവച്ചൊഴിഞ്ഞു.
പ്രതിഷേധം തുടങ്ങിയ സമയത്ത് ലോക വാട്ടര്‍ പോള ചാംപ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഖത്തറിലായിരുന്ന കാതലിന്‍ ഉടനടി ബുഡാപെസ്റ്റിലേക്ക് തിരികെയെത്തുകയായിരുന്നു. ബാലപീഡകന് മാപ്പ് നല്‍കിയത് ന്യായീകരിക്കാന്‍ കഴിയുന്ന തെറ്റല്ലെന്നും ബാലപീഡകരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ലെന്നും രാജി തീരുമാനമറിയിച്ച് കാതലിന്‍ പറഞ്ഞു.