ദുബായ് : വാഹനങ്ങളിൽ പെട്രോളിനു പകരം ഹൈഡ്രജൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മധ്യപൂർവ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് അബുദാബിയിൽ തുറന്നു. ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ, ഹരിത ഇന്ധനത്തിലേക്ക് പെട്രോൾ ഉൽപാദക രാജ്യം കൂടിയായ യുഎഇ മാറുന്നതിനു മുന്നോടിയാണിത്. 2050 ആകുമ്പോഴേക്കും കാർബൺ പുറത്തള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം, ബിഎംഡബ്ല്യു, ടൊയോട്ട കമ്പനികളുടെ ഹൈഡ്രജൻ വാഹനങ്ങളിലാണ് പരീക്ഷണ ഓട്ടം. വാഹനങ്ങളുടെ കാര്യക്ഷമത, ആയുസ്സ്, പ്രകടനം എന്നിവയാണ് വിലയിരുത്തുന്നത്. അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) മസ്ദാറിൽ ആരംഭിച്ച ഹൈഡ്രജൻ പമ്പിന് എച്ച്2 ഗോ എന്നാണു പേര് നൽകിയിട്ടുള്ളത്.
വെള്ളത്തിൽ നിന്നുള്ള ഇന്ധനം
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോലൈസറുകൾ ഉപയോഗിച്ചു വെള്ളത്തിൽ നിന്നാണ് ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നത്. കാർബൺ പുറംതള്ളാത്തതിനാൽ ഇന്ധന ഉപയോഗം മൂലം അന്തരീക്ഷ മലിനീകരണമുണ്ടാകില്ല. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിലാണ് ഇന്ധനം വേർതിരിച്ചെടുക്കുന്നത്. ഉൽപാദന ഘട്ടത്തിലോ ഉപയോഗ വേളയിലോ കാർബൺ പുറന്തള്ളൽ ഉണ്ടാകുന്നില്ല എന്നതിനാൽ ഭാവിയുടെ ഹരിത ഇന്ധനമായാണ് ഹൈഡ്രജനെ അവതരിപ്പിക്കുന്നത്.