തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഗുരുതര ആരോപണം ഉന്നയിച്ച ഐ.ജി ലക്ഷ്മണിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സര്‍വീസിലിരിക്കെ സര്‍ക്കാറിനെതിരെ നീക്കം നടത്തിയ ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. അതേസമയം ഐ.ജിയുടെ ആരോപണം ആയുധമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് മോന്‍സണ്‍ മാവുങ്കല്‍ കേസിലെ പ്രതി കൂടിയായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അസാധാരണ ഭരണഘടനാ അതോറിറ്റി സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ഇടനിലക്കാരനാവുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഹൈക്കോടതി വിവിധ ആര്‍ബിട്രേറ്റര്‍മാര്‍ക്ക് കൈമാറിയ തര്‍ക്ക വിഷയങ്ങള്‍ പോലും ഈ അധികാര കേന്ദ്രം ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്.