തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.കെ.) വെള്ളിയാഴ്ച തിരിതെളിയും. വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നടി ഷബാന ആസ്മി ഹോങ്കോങ്ങില്‍നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
തുടര്‍ന്ന് ഉദ്ഘാടനചിത്രമായി വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്റെ പോര്‍ച്ചുഗീസ് സിനിമ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും.ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍നിന്നുള്ള 177 സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുക. സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാര്‍ഢ്യമായി സ്ത്രീ സംവിധായകരുടെ 52 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. നാലു മലയാളി വനിതാ സംവിധായകമാരുടെ ആദ്യ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.