ന്യൂയോർക്ക് : തന്‍റെ കമ്പനിയായ ന്യൂറലിങ്ക് മനുഷ്യനിൽ ആദ്യമായി ബ്രെയിൻ ചിപ് ഘടിപ്പിച്ചതായി ഇലോൺ മസ്‌ക്. പ്രാഥമിക ഫലങ്ങൾ മികച്ചതാണെന്നു മസ്ക് പറഞ്ഞു. ശരീരത്തിലേക്ക് സിഗ്നലുകൾ അയയ്ക്കാനുള്ള തലച്ചോറിന്‍റെ കഴിവ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ വർഷമാണ് ഇംപ്ലാന്‍റിന് ആദ്യമായി മനുഷ്യനിൽ പരീക്ഷണം നടത്താൻ യുഎസ് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്. പക്ഷാഘാത രോഗികളെ സഹായിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചിപ് വഴി ചിന്തയിലൂടെത്തന്നെ ഫോണിന്‍റെയോ കംപ്യൂട്ടറിന്‍റെയോ നിയന്ത്രണം സാധ്യമാകും. കൈകാലുകൾ നഷ്ടമായവർക്കായിരിക്കും ആദ്യം ചിപ് ഘടിപ്പിക്കുക. അൾട്രാ-ഫൈൻ (ultra fine) ത്രെഡുകൾ കൊണ്ട് നിർമിച്ച ഇംപ്ലാന്‍റുകൾ തലച്ചോറിൽനിന്ന് സിഗ്നലുകൾ ശേഖരിച്ച് ഇലക്ട്രോണിക് ഉപകരണത്തിൽ കമാൻഡുകളായി പരിവർത്തനപ്പെടുത്തും.