ന്യൂഡല്‍ഹി: ഇറാന്റെ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ പശ്ചിമേഷ്യ കലുഷിതമാകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ. സംയമനം പാലിക്കണമെന്നും നയതന്ത്രത്തിന്റെ പാതയിലേക്ക് തിരികെയെത്തണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘പശ്ചിമേഷ്യയിലെ സാഹചര്യങ്ങളില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. സംയമനം പാലിക്കാനും നയതന്ത്രത്തിന്റെ പാതയിലേക്ക് തിരികെവരാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു’, വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണത്തിനു മറുപടിയായാണ് ഇറാന്റെ സേനാതാവളങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ശനിയാഴ്ച രാവിലെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഫോടനമുണ്ടായി. ടെഹ്‌റാന്‍, ഇലം, ഖുഴെസ്തകാന്‍ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി.