സാൻഫ്രാൻസിസ്കോ: ഇന്ത്യൻ കോൺസുലേറ്റിലെ ഖലിസ്ഥാൻവാദികളുടെ അതിക്രമത്തിൽ ഇന്ത്യയിലെ യു എസ് പ്രതിനിധികളെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നയതന്ത്ര മേഖലയുടെ സുരക്ഷ യുഎസ് സർക്കാരിന്റെ ബാധ്യതയെന്നും ഇന്ത്യ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി അധികൃതരും അമേരിക്കൻ സ്റ്റേറ്റ് വകുപ്പിനോട് പ്രതിഷേധം അറിയിച്ചു. ഇന്ത്യയിൽ ഖലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്തു. ചില കനേഡിയൻ സർക്കാർ അധികൃതരുടെ അക്കൗണ്ടുകൾക്കും വിലക്ക് ഏർപ്പെടുത്തി.
അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാൻവാദികൾ എഴുതി. കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തി.