മസ്‍കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ – കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ’ മെയ് 5, 6 തീയ്യതികളിൽ അൽ അമിറാത്ത് പാർക്കിൽ വെച്ച് നടക്കും.
സംസ്ഥാന മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും, ഒമാനിൽ നിന്നുമുള്ള കലാ – സാംസ്‌കാരിക – സാമൂഹിക മണ്ഡലങ്ങളിലെ നിരവധി ആളുകൾ പങ്കെടുക്കും.
ഇന്ത്യയുടെ വൈവിധ്യത്തെയും, കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനായി വിൽസൺ ജോർജ് ചെയർമാനായി 40 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷണൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികളെ ആദരിക്കും.
രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് പ്രവേശനം സൗജന്യമായിരിക്കും. ഏകദേശം അമ്പതിനായിരത്തിനും അറുപത്തിനായിരത്തിനും ഇടയ്ക്കുള്ള ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, വിൽസൺ ജോർജ്, ഗിരീഷ് കുമാർ, കെ.ബാലകൃഷ്‌ണൻ, അംബുജാക്ഷൻ, കെ.വി.വിജയൻ എന്നിവരോടൊപ്പം മറ്റ് സംഘാടക സമിതി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.